Ind disable
നിങ്ങളുടെ സൃഷ്ടികളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

Saturday, January 26, 2013

ജാതിക്കുമ്മിക്ക് 100 വയസ്

സാംജി ടി.വി.പുരം
കേരള നവോത്ഥാനചരിത്രത്തില്‍ കവിതിലകന്‍ പണ്ഡിറ്റ് കെ പി കറുപ്പുനും അദ്ദേഹത്തിന്റെ അനശ്വര കൃതിയായ 'ജാതിക്കുമ്മി'ക്കും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. കേരള നവോത്ഥാന മണ്ഡലത്തില്‍ ജാതി-മത ഭേദവിചാരത്തിനും അയിത്താചാരത്തിനുമെതിരായി സമരകാഹളം മുഴക്കിയത് ഹൈന്ദവകുലത്തില്‍ ജനിച്ച സന്ന്യാസിവര്യന്മാരായിരുന്നു. തൈക്കാട്ട് അയ്യാവ്, വൈകുണ്ഠസ്വാമികള്‍ (1809), ബ്രഹ്മാനന്ദസ്വാമി ശിവയോഗി (1852), ചട്ടമ്പി സ്വാമികള്‍ (1853), ശ്രീനാരായണഗുരു (1856), വാഗ്ഭടാനന്ദന്‍ (1887), പ്രത്യക്ഷ രക്ഷാ ദൈവസഭാസ്ഥാപകനായ പൊയ്കയില്‍ കുമാരഗുരുദേവന്‍ (1878) തുടങ്ങിയവരും അയ്യങ്കാളിയും ഡോ. പല്‍പ്പു, കുമാരനാശാന്‍, ടി കെ മാധവന്‍, മന്നത്ത് പത്മനാഭന്‍ എന്നിവരും വഹിച്ച പങ്ക് നിസ്തൂലമാണ്. ക്രൈസ്തവ മിഷനറിമാര്‍, ഇസ്‌ലാം മതപണ്ഡിതന്‍മാര്‍, ''അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്'' എന്ന നാടകത്തിലൂടെ ബ്രാഹ്മണ്യത്തിനും ജന്മിത്വത്തിനുമെതിരായി വി ടി ഭട്ടതിരിപ്പാടിനെപ്പോലുള്ളവരും അതിശക്തമായ അവരുടെ പങ്കുനിര്‍വഹിച്ചു. അക്കൂട്ടത്തില്‍ ഏറ്റവും മഹനീയ സ്ഥാനമാണ് മഹാകവി പണ്ഡിറ്റ് കെ പി കറുപ്പന്‍ അലങ്കരിക്കുന്നത്.  1885 മെയ് 24ന് എറണാകുളം ചേരാനെല്ലൂര്‍ ഗ്രാമത്തില്‍ വിഷവൈദ്യനും സാത്വികനുമായിരുന്ന അത്തോപൂജാരിയുടേയും കൊച്ചുപെണ്ണിന്റെയും മകനായിട്ടായിരുന്നു കറുപ്പന്റെ ജനനം. കറുപ്പന്റെ മൂത്ത സഹോദരന്‍ കുട്ടപ്പന്‍ ആലത്തൂര്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ ശിഷ്യത്വം സ്വീകരിച്ച് ആനന്ദയോഗി എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. വടക്കേവാലത്ത് അപ്പു ആശാന്റെ കളരിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സിദ്ധരൂപം, അമരകോശം, ശ്രീരാമോദന്തം എന്നിവ അപ്പു ആശാനില്‍ നിന്നും മാഘം, നൈഷധം, ഭോജചമ്പു എന്നീ കാവ്യങ്ങള്‍ അന്നമനട രാമപൊതുവാളില്‍ നിന്നും  പഠിച്ച കറുപ്പന്റെ ഉന്നതവിദ്യാഭ്യാസം കൊടുങ്ങല്ലൂര്‍ കോവിലകത്തായിരുന്നു. 1992 ല്‍ അദ്ദേഹത്തെ കൊച്ചിമഹാരാജാവ് കാസ്റ്റ് ഹിന്ദു ഗേള്‍സ് സ്‌കൂളില്‍ സംസ്‌കൃത അധ്യാപകനായി നിയമിച്ചു. സംസ്‌കൃതത്തിലും മലയാളത്തിലും പണ്ഡിത പരീക്ഷ ജയിച്ച ആള്‍ എന്ന നിലയ്ക്ക് 'പണ്ഡിറ്റ്' എന്ന് അദ്ദേഹത്തെ വിശേഷപ്പിച്ചുപോന്നു. 1912 ലാണ് കറുപ്പന്റെ ''ജാതിക്കുമ്മി'' എന്ന കൃതിയും, ''ബാലാകലേശം'' എന്ന മറ്റൊരു കൃതിയും പുറത്തുവരുന്നത്. അഞ്ച് വരിവീതമുള്ള 141 ശീലുകള്‍ ഉള്ള ഈ കൃതിയില്‍ ആകെ 705 വരികളാണുള്ളത്. 'ജാതിക്കുമ്മി' ആരംഭിക്കുന്നത് ഇപ്രകാരമാണ്.
''ശ്രീശങ്കരാചാര്യസ്വാമി മുന്നം
കാശിയില്‍ വെച്ചു കുളികഴിഞ്ഞു,
ഈശനെക്കാണുവാന്‍ പോയപ്പോളുണ്ടായ
പേശലിതു കേള്‍ക്കയോഗപ്പെണ്ണേ!
അതു മോശത്തരം തീര്‍ക്കും ജ്ഞാനപ്പെണ്ണേ!''
ശങ്കരാചാര്യരുടെ മനീക്ഷപഞ്ചകത്തെ ഉപജീവിച്ചാണ് ജാതിക്കുമ്മിയുടെ രചന. താന്‍ ജീവിച്ചുവന്ന കാലത്തിന്റെ വിപര്യയങ്ങളിലേക്ക് സമൂഹ മനസ്സാക്ഷിയെ ഉണര്‍ത്തുവാനുതകുന്ന ആശയ പ്രപഞ്ചം സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്. 'അമ്മാനക്കുമ്മി' എന്ന നാടന്‍ ശീലിലാണ് അതിന്റെ രചന. ശങ്കരാചാര്യരും കീഴാളനായ പറയനും തമ്മിലുള്ള സംവാദ രൂപത്തിലാണ് കാവ്യം ആരംഭിക്കുന്നത്. അധഃകൃത ജന്മമായ ചണ്ഡാലനോടു വഴിമാറിപ്പോകുവാന്‍ ആജ്ഞാപിക്കുന്ന ശങ്കരാചാര്യരോട് ഗാത്രത്തിലോ തീണ്ടലാത്മാവിനോ? എന്ന പറയന്റെ ചോദ്യത്തിനു മുമ്പില്‍ ആചാര്യരുടെ ജാതിഗര്‍വം അസ്തമിക്കുന്നതോടെ പറയന്‍ ജ്ഞാനയോഗത്തിന്റെ പരമഹംസപദത്തിലെത്തുന്നു. കവി ഉറപ്പിച്ചു പറയുന്നു. 
''ജ്ഞാനം കൊണ്ടല്ലാതെ ബ്രാഹ്മണത്വം
മാനവന്മാര്‍ക്കു ലഭിക്കയില്ല,
ജ്ഞാനിക്കു ജാതിയും തീണ്ടലുമില്ലല്ലോ
ആനന്ദമേയുള്ളു യോഗപ്പെണ്ണേ!-ബ്രഹ്മ-
ദ്ധ്യാനം തന്നേയുള്ള ജ്ഞാനപ്പെണ്ണേ!''
അറിവിന് ജാതിഭേദമില്ലെന്ന് മാത്രമല്ല, ജ്ഞാനം കൊണ്ടല്ലാതെ ആര്‍ക്കും ബ്രാഹ്മണത്വം സിദ്ധിക്കയില്ലെന്നും കവി പറയുന്നു. 1912 ല്‍ തന്നെയാണ് ജാതിവ്യവസ്ഥയെ തീക്ഷ്ണമായി എതിര്‍ക്കുന്ന 'ബാലാകലേശം' നാടകവും പുറത്തുവരുന്നത്. അയിത്താചരണത്തിനെതിരെയുള്ള പ്രസ്തുത നാടകം കൊച്ചിരാജാവ് രാമവര്‍മയുടെ ഷഷ്ടിപൂര്‍ത്തിയാഘോഷങ്ങളുടെ ഭാഗമായി നടത്തിയ നാടക മത്സരത്തില്‍ പ്രഥമസ്ഥാനത്തിന് അര്‍ഹമാവുകയും ചെയ്തിട്ടുള്ളതാണ്. 'ബാലാകലേശ'ത്തെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള രൂക്ഷമായി എതിര്‍ത്തു. രാജഭരണത്തിനും സാമ്രാജ്യത്വത്തിനുമെതിരെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നിലപാടെടുത്തപ്പോള്‍ തന്നെ ജാതിവിരുദ്ധ സമരത്തെ അദ്ദേഹം അപഹസിക്കുകയാണ് ചെയ്തത്. മഹാകവി കുമാരനാശാന്റെ പ്രസിദ്ധമായ 'ദുരവസ്ഥ' പുറത്തുവരുന്നതിനും ഒരു ദശാബ്ദം മുമ്പാണ് 'ജാതിക്കുമ്മി പുറത്തുവന്നത്, സവര്‍ണഗൃഹങ്ങളില്‍ 'ഹരിനാമകീര്‍ത്തന'വും മറ്റും ഏതുവിധമാണോ ചൊല്ലിപ്പോന്നിരുന്നത്, ആ വിധം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ അവര്‍ണഗൃഹങ്ങളില്‍ ജാതിക്കുമ്മി ചൊല്ലിപോന്നിരുന്നു. കൃതിയിലൂടെ പ്രകാശിപ്പിക്കുന്ന വിഷയത്തോടുള്ള വെറുപ്പ്‌കൊണ്ട് വര്‍ണവരേണ്യസാഹിത്യവര്‍ഗം ആദ്യമേ തന്നെ കൃതിയെ തമസ്‌കരിക്കുവാന്‍ ബോധപൂര്‍വം ശ്രമിച്ചു. ഒരുതരം പാര്‍ശ്വവല്‍ക്കരണം കൃതി ഏറ്റുവാങ്ങി. ജാതിക്കെതിരെ പടവാളായ പ്രസ്തുത കൃതി രചനാസൗഷ്ഠവംകൊണ്ട് ഏറെ ശ്രദ്ധേയമാണ്. ജാതിവ്യവസ്ഥയുടെ കാണാപ്പുറങ്ങള്‍കൊണ്ട് ഇന്നും അസമത്വം നില്‍ക്കുന്ന കേരളത്തിലും ഭാരതത്തിലാകെയും ജാതിക്കുമ്മിയുടെ പ്രസക്തി വര്‍ധിച്ചുനില്‍ക്കുന്നു. കേരളീയ നവോത്ഥാനത്തിന്റ മഹനീയ സമരഭൂമിയായ വൈക്കത്തിന്റെ ചുവന്ന മണ്ണില്‍ യുവകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ 'ജാതിക്കുമ്മിയുടേയും ബാലാകലേശ'ത്തിന്റെയും നൂറാം വാര്‍ഷികം ഇന്ന് വൈക്കം സത്യഗ്രഹ മെമ്മോറിയല്‍ ഹാളില്‍ സമുചിതമായി ആഘോഷിക്കുകയാണ്. നവോത്ഥാനത്തന്റെ വൈക്കത്തെ നേരവകാശികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും യുവകലാസാഹിതിയും ജാതിക്കുമ്മിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കേണ്ടത് ചരിത്രപരമായ കടമയായിട്ടാണ് കാണുന്നത്. വഴിനടക്കുവാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്ത വൈക്കത്തിന്റെ സമരഭൂമിയില്‍ നിന്നും വൈക്കത്തേതടക്കം കേരളത്തിലെ പല ക്ഷേത്രങ്ങളിലേക്കും ഇന്ന് നടക്കുന്ന ജാതിതിരിച്ചുള്ള താലപ്പൊലികള്‍ക്കെതിരെ പുതിയ നവോത്ഥാന സമരം ആരംഭിക്കേണ്ടിയിരിക്കുന്നു. പി കൃഷ്ണപിള്ളയും സി കെ വിശ്വനാഥനും പി എസ് ശ്രീനിവാസനും സമത്വത്തിനുവേണ്ടി പോരാടിയ ഈ ഭൂമിയില്‍ ജാതിക്കുമ്മിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നത് അസമത്വങ്ങള്‍ക്കെതിരായ പുതിയ സമരങ്ങള്‍ക്ക് വാതില്‍ തുറക്കും.

No comments:

Post a Comment